Monday, August 24, 2015

ബലികാക്ക

"ഇതെന്താ ഇവിടെ എല്ലാരും വെജിറ്റെറിയൻ ആയോ   "
ഉച്ചയ്ക്ക് കഴിക്കാൻ വന്നിരുന്ന ഞാൻ അടുക്കളയിലേക്കു നോക്കി അമ്മയോട് വിളിച്ചു ചോദിച്ചു.
" എടാ നാളെയല്ലേ കൊച്ചുമാമന്റെ ബലി ഇടേണ്ടത് .. നിന്നോട് ഞാൻ പറഞ്ഞതല്ലേ ..ഇത്തവണ നീയാ ബലി ഇടേണ്ടത്....അതുകൊണ്ട് നീ ഇന്ന് വ്രതം എടുക്കണം  "

"പിന്നേ ..പത്ത്  ഇരുപത്തി അഞ്ച് വർഷം  ഇല്ലാതിരുന്ന കാര്യം ഇപ്പോൾ  പെട്ടെന്ന്..... ഒരു പപ്പടം എങ്കിലും പൊരിച്ചൂടയിരുന്നോ ?"ഒരു ഉരുള ചോറ് ഇറക്കികൊണ്ട്‌ ഞാൻ ചോദിച്ചു ...

"ഗുരുത്വ ദോഷം പറയാതെടാ... നിന്നെ ഞാൻ 6 മാസം ഗർഭിണി  ആയിരുന്നപ്പോള കൊച്ചണ്ണൻ മരിച്ചെ ...നിന്നെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു പാവത്തിന്...അസുഖം വന്നു കിടക്കുമ്പോളും എന്നോട് പറഞ്ഞായിരുന്നു ..നിന്റെ കുഞ്ഞിനെ കണ്ടിട്ടേ ഞാൻ അങ്ങ് പോകുകയുള്ളെടി  എന്ന്...പാവം  ".അമ്മ പഴങ്കഥകളുടെ  കെട്ടഴിച്ചു ..
"ഇത്രയും നാൾ ആർക്കും ഈ ബലി ഇടണം എന്ന വിചാരം ഒന്നും ഇല്ലായിരുന്നോ "

"കുഞ്ഞമ്മ ഒരു ജ്യോത്സ്യനെ പോയി കണ്ടപ്പോൾ, അയാൾ  പറഞതാ ... ...മരിക്കുമ്പോൾ നിന്റെ ഇപ്പോഴത്തെ  പ്രായം ആയിരുന്നു കൊച്ചണ്ണന് ..അന്ന് കർമങ്ങൾ ഒന്നും വേണ്ട പോലെ ചെയ്തിട്ടുണ്ടാവില്ലായിരിക്കും .... കഴിഞ്ഞ തവണയൊക്കെ കുഞ്ഞമ്മയാ ബലി ഇട്ടത് ....കൈകൊട്ടി എത്ര വിളിച്ചിട്ടും കാക്ക ചോറ് എടുക്കുന്നില്ലെന്നാ അവൾ പറയണേ... നാളെ ഒരു തവണതെയ്ക്ക് നീ ബലി ഇടു...രാവിലെ കുറച്ചു നേരത്തെ എഴുന്നെല്ക്കണം എന്നല്ലേ ഉള്ളു  "

അപ്പോൾ നാളത്തെ ഉറക്കവും പോയികിട്ടി.... മരിക്കുന്നവർ എല്ലാം ബലി ചോറ് ഉണ്ണാൻ ക്യൂ നില്ക്കുകയല്ലേ....എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

ഞായറാഴ്ച പതിവുള്ള ഉച്ചമയക്കം എന്ത് കൊണ്ടോ അന്നെനെ തിരിഞ്ഞു നോക്കിയില്ല

ഭിത്തിയിലെ ഫോട്ടോ ഫ്രെയിമിനുള്ളിൽ ...അവ്യക്തതയോടെ മാത്രം ഞാൻ കണ്ടിട്ടുള്ള കൊച്ചുമാമാനിലേക്ക് തന്നെ മനസ്സ് പോകുന്നു .....ആ ചിന്തകൾ എന്നെ വിടാതെ തുറിച്ചു നോക്കുന്നതുപോലെ

"അമ്മേ ....കൊച്ചുമാമന്റെ  ആ പഴയ ആൽബം എവിടെയാ "
"അത് ആ ട്രങ്ക് പെട്ടിക്കുള്ളിലെവിടെയോ ആണ്..നിനക്കെന്തിനാ ഇപ്പൊ അത്...മുഴുവൻ പൊടി  ആയിരിക്കും...വെറുതെ അതൊന്നും വലിച്ചെടുത്തു ജലദോഷം ആക്കണ്ട "

തലങ്ങും വിലങ്ങും ഒട്ടിച്ച കുറെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോകൾ...എല്ലാം കൂടി ചേർത്ത് ബൈൻഡ്‌  ചെയ്തു വച്ചിരിക്കുന്നു...മിക്കവാറും ചിത്രങ്ങളും കാലപ്പഴക്കം കാരണം നശിച്ചു പോയിരിക്കുന്നു... ചിലത് ഭിതിയിലുള്ളതിനെക്കാൾ അവ്യക്തം ....ചിലത് പശ  ഇളകി  ആൽബവുമായുള്ള ബന്ധം മുറിച്ചു സ്വതന്ത്രമായിരുന്നു ...ചിലഫോട്ടോകളുടെ തിരുശേഷിപ്പുകൾ എന്നപോലെ പശ കൊണ്ടുള്ള ചതുരങ്ങൾ പലയിടത്തും കാണാമായിരുന്നു  ....

"ഗീതയ്ക്ക് .....
എന്നെക്കാളും ഇഷ്ടമായിരുന്നു എനിക്ക് നിന്നെ...പക്ഷെ എന്തുകൊണ്ടോ എനിക്ക് അന്ന് നിന്നോട് കള്ളം പറയാനാ തോന്നിയെ....അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ ശരി എന്നെനിക്കിപ്പോൾ തോന്നുന്നു ....ഏതു നിമിഷവും നിലച്ചുപോയേക്കാവുന്ന എന്റെ ഹൃദയത്തിലെ ഓരോ സ്പന്ദനത്തിലും നിന്നെ കുറിച്ചുള്ള ഓർമകളാണ് ...എനിക്കൊരു തിരിച്ചുവരവുണ്ടെങ്കിൽ അന്ന് നിനക്ക് തരാനാണ് ഈ കത്ത്.....

അങ്ങനെ ഒന്നില്ലെങ്കിൽ  ...
എന്നെ കുറിച്ചുള്ള ഓർമ്മകൾ മങ്ങുന്നത്‌ പോലെ എന്റെ ഈ ഫോട്ടോയ്ക്ക് മാത്രം അറിയാവുന്ന എന്റെ പ്രണയവും കാലപ്പഴക്കത്തിൽ ദ്രവിച്ചു പോയ്ക്കൊള്ളട്ടെ ....

"
ഇളകിപോയ ഒരു ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്ന ഈ വാക്കുകൾ  എന്നെ അമ്പരപ്പിച്ചു..

മറ്റൊരാളുടെ പ്രണയമാണ് ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞത് ...
ആരായിരിക്കും ഈ ഗീത...എന്തായിരിക്കും സംഭവിച്ചിട്ടുള്ളത് ..അമ്മയോട് ചോദിച്ചാലോ ??... ആർക്കും അറിയില്ലെങ്കിലോ ?.. എന്റെ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി....


വെളുപ്പിന് ബലിപിണ്ടത്തിൽ തലകുനിച്ചു നമസ്കരിക്കുമ്പോൾ മനസ് നിറയെ ഇന്നലെ വായിച്ച പ്രണയവും ...അത് ഉണ്ടാക്കിയ ഉത്തരം കിട്ടാത്ത ചോദ്യാങ്ങളുമായിരുന്നു...........

നമസ്കരിച്ചു എഴുന്നേറ്റപ്പോൾ പുറകിൽ നിന്ന് അമ്മ പറയുന്നത് കേട്ടു
"നോക്കിയേ ... ദേ  ഒരു കാക്ക ...ആ വാഴയിൽ .... അതും ഒരു ബലികാക്ക തന്നെ...ബലികാക്കകളെ കണ്ടുകിട്ടാൻ തന്നെ വലിയ പാടാ ..ഞാൻ പറഞ്ഞില്ലേ..നിന്നോട് കൊച്ചണ്ണന് വലിയ സ്നേഹമാണെന്ന് "

വാഴയിലയിൽ അരിയും ,എള്ളും ...പൂവും  ചേർത്ത ബലിച്ചോറ്  കാക്ക കൊത്തി  തിന്നുന്നത് നോക്കി കുറച്ചു മാറി നിന്ന എന്റെ മനസിന്‌ എന്തെന്നില്ലാത്ത ഒരു വിങ്ങൽ ..

ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ നഷ്ടപ്രണയം എന്നെ അസ്വസ്ഥനാക്കുന്നു ...

എന്തിനാ ബലി ഇടുന്നെ എന്ന് കുട്ടിക്കാലത്ത്  ഞാൻ ചോദിച്ചപ്പോൾ ആരോ പറഞ്ഞുതന്നത് ഓർമയുണ്ട് ....മരിച്ചു പോയവർക്ക് ആ ദിവസം കാക്കയുടെ രൂപത്തിൽഭൂമിയിൽ  വരാനുള്ള അനുവാദം കിട്ടുമത്രേ  ..  ..ആ ദിവസം ഉറ്റവരെ എല്ലാരേയും കാണാനായി അവർ വരും ..നമ്മൾ ബലി ഇട്ടില്ലെങ്കിൽ ആഹാരം കഴിക്കാതെ അവർക്ക് പോകേണ്ടി വരില്ലേ ...അതുകൊണ്ടാ ബലി ഇടുന്നെ എന്ന് ...


വേറെ ഏതോ ലോകത്ത് നിന്നും ഉറ്റവരെ കാണാൻ ഒരു ദിവസത്തെയ്ക്ക് ഭൂമിയിൽ  വരുമ്പോൾ... എനിക്കുറപ്പായിരുന്നു ഏറ്റവും കൂടുതൽ കാണാൻ....കണ്ടുകൊണ്ടിരിക്കാൻ  ആഗ്രഹിക്കുന്നത് നഷ്ടപ്പെട്ടു പോയ ആ പ്രണയിനിയെ ആയിരിക്കുമെന്ന്
എന്നിട്ടും എന്തിനു ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ഞാൻ ഊട്ടുന്ന ബലി ചോറുണ്ണാൻ വന്നു.....

"ഈ പ്രണയം എന്റെ മനസ്സിൽ ഭദ്രമായിരിക്കും ....ഞാൻ ഓർമകളിൽ മായുന്നത് വരെ... "ആരോടെന്നില്ലാതെ ഞാൻ പതുക്കെ പറഞ്ഞു...


അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ എന്റെ കൈ തണ്ടയിൽ അനുഭവപ്പെട്ട നനവ്‌ ....തലേ ദിവസം ഇലത്തുമ്പുകളിൽ പെയ്തിറങ്ങിയ മഞ്ഞിന്റെ ആർദ്രത ആയിരുന്നെങ്കിലും അങ്ങനെ വിശ്വസിക്കാൻ എന്റെ മനസിന്‌ കഴിഞ്ഞില്ല ........ 

No comments:

Post a Comment