Tuesday, March 17, 2015

ഇത്തിരി സ്വകാര്യം

ഇതു കൂടി ചേർത്തു മൂന്നാമത്തെ തവണയാണ് അലമാരയുടെ കതകു തുറന്നടയുന്നത് ….. അത് പോരാഞ്ഞിട്ട് പ്ലാസ്റ്റിക് കവറിന്റെ കിലുക്കം വേറെ…. നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ പെണ്ണ് ഉറങ്ങാനും സമ്മതിക്കില്ലല്ലോ .. പുതപ്പിനടിയിൽ കിടന്നു ഞാൻ പല്ലുകടിച്ചു…
വീണ്ടും ദേ കതകു തുറക്കുന്നു
ഇതിനു മാത്രം തുറക്കാൻ ഇതെന്താ അക്ഷയപാത്രം ആണോ ?? ഞാൻ തല മാത്രം വെളിയിലിട്ടു ചോദിച്ചു
മറുപടിയായി ഒന്നും പറയാതെ കുറേനേരം നോക്കി ദഹിപ്പിച്ചു.
ഇങ്ങനെ നോക്കനയിട്ടു ആരേലും ഇവിടെ തുണിയില്ലാതെ നിൽക്കുന്നുണ്ടോ ??
പുതപ്പ് മാറിപ്പോയി എന്നുള്ളത് വേറൊരു കാര്യം
ഒന്നും മിണ്ടാതെ തലയും വെട്ടിച്ചു അവളു പോയി …
ശെടാ …. ഇവൾക്കിതെന്തുപറ്റി ……
ഇന്നലെ ഞാൻ beer അടിക്കുമെന്നു നേരത്തേ പറഞ്ഞതാണല്ലോ ..
എന്തായാലും ഇന്നത്തെ ഉറക്കം പോയി … ഉച്ചക്ക് ഇതും കൂടി catch up ചെയ്യണം എന്ന ആലോചനയിൽ ഞാൻ എന്റെ മുണ്ട് തപ്പാൻ തുടങ്ങിയപ്പോളാണ് പെട്ടെന്ന് വയറ്റിൽ നിന്നൊരു വിളി വന്നത്
കട്ടിലിന്റെ അടിയിൽ കിടന്ന മുണ്ടും തപ്പി പിടിച്ചു ഞാൻ എഴുന്നേറ്റോടി ….
എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോളും പത്നിയുടെ മുഖം നടേശ ഗുരുക്കളെ കണ്ട നായർ പോപ്പിന്റെത് പോലെ തന്നെ….
പോപ്പിനെ പോലെ കേമത്തരം പറച്ചിലും വിവരമില്ലായ്മ വിളിച്ചു കാട്ടലും ഇല്ല എന്നുള്ളത് ആശ്വാസം ….
എന്നാലും ഇതെന്തുപറ്റി ?…..
ഒന്നും മനസിലാകുന്നില്ലല്ലോ ഭഗവാനേ ……
ഇന്ന് വൈകിട്ടു നമുക്കൊരു സിനിമയ്ക്കു പോയാലോ??
മറുപടി ഇല്ല … സംഗതി ഏറ്റില്ല… അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ …
എന്നാ ഞാൻ ഒറ്റയ്ക്ക് പോയ്ക്കോളം ഞാൻ പറഞ്ഞു
പണ്ടത്തെ കാമുകി വരാന്നു പറഞ്ഞിട്ടുണ്ടായിരിക്കും ……. ഉടനെ തന്നെ മറുപടി കിട്ടി
ഈശ്വരാ …………….
കല്യാണം കഴിഞ്ഞ സമയത്ത് എപ്പോളോ .. ഒരു പെണ്ണിന് എന്നോട് പണ്ടു എന്തോ ഒരിത് ഉണ്ടെന്നു വെറുതെ ഒരു വീമ്പിളക്കാൻ പറഞ്ഞതാ കുരിശായി നിൽക്കുന്നത് …
ആഴ്ചയിൽ ഒരു തവണ എങ്കിലും ആ വിഷയം എടുത്തിടാതെ അവൾക്കിപ്പോൾ സമാധാനം ആകത്തില്ല …
ഞാൻ അത് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞാലും വിസ്വസിക്കതില്ല….
അവളുടെ ഏതോ ഒരു കഷ്ടകാലത്തു ഒരു പൊട്ടബുദ്ധി തോന്നി എന്നെ ഇഷ്ടമായി എന്നതുപോലെ എല്ലാ പെണ്‍പിള്ളാരും ബുദ്ധിയില്ലതവരല്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും എന്റെ പത്നിക്കു കൊടുത്തില്ലല്ലോ ശിവനേ ……
ഒന്നും മിണ്ടാതെ ഞാൻ വന്നു ടിവിയുടെ മുൻപിൽ ഇരുന്നു
കാര്യം എന്താണെന്നറിയാനുള്ള ജിജ്ഞാസ ഉള്ളിൽ കൂടി കൂടി വന്നു ….
എന്റെ അവസാനത്തെ അടവെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
sentimens
ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ സ്വീഡനിൽ പോകുമല്ലോ , അപ്പോൾ പിന്നെ ആർക്കും സഹിക്കേണ്ടി വരില്ല
കുറച്ചു നേരം ഒന്നും പറയാതെ നിന്നശേഷം … കർക്കടകത്തിലെ മഴപോലെ പൊട്ടിക്കരയാൻ തുടങ്ങി….
എന്റെ ശിവനേ.. പണി പാളിയോ …..
ഇതു കണ്ടു നിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാ …
ഞാൻ പതുക്കെ അടുത്തിരുന്നു…
സത്യമായും അറിഞ്ഞോണ്ട്‌ ഒന്നും ചെയ്തിട്ടില്ല….അറിയാതെ എന്തേലും ചെയ്തിട്ടുണ്ടേൽ sorry !!!
” എന്നിട്ടാണോ ഇന്നലെ സിഗരറ്റ് വലിച്ചെ ? ”
ദേ പെണ്ണേ ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറഞ്ഞാലുണ്ടല്ലോ
“പിന്നെ ഈ ഷർട്ടിൽ ഇന്നലെ സിഗരറ്റുമണം വന്നതോ”
എല്ലാരും കൂടി ഇരുന്നു ബിയർ അടിച്ചപ്പോൾ ആരേലും വലിച്ചതിന്റെ പുക പിടിച്ചതാകും … അല്ലാതെ പാവം ഞാൻ ……
sweden formailities ആരോടൊക്കെയോ ചോദിക്കണം എന്നു പറഞ്ഞിട്ട് എന്തായി ??
അവൾ പെട്ടെന്നു ഉത്തരവാദിത്വമുള്ള ഭാര്യയായി ….
ഓ സ്വീഡൻകാർ ആരെയും കിട്ടിയില്ല … ഒരു US കാരനെ കിട്ടി
കുറച്ചു വിലപ്പെട്ട tips  കിട്ടി അവന്റെ കയ്യിൽ  നിന്നും
അവന്റെ ഭാഷയില പറഞ്ഞാൽ അതു വേറൊരു കഥയാ
onsite , onsite എന്ന് പറഞ്ഞു മാനേജരുടെ കയ്യും കാലും  പിടിച്ചാണു  ഒരു വിസ കിട്ടിയത് അതും അങ്ങ് അമേരിക്കയിലേക്ക് ……
അവിടെ ചെല്ലുന്നവർ എല്ലാരും Social security number എടുക്കണം എന്നുള്ളതുകൊണ്ട് നേരെ അങ്ങൊറ്റൂ വിട്ടു
ചെന്നപ്പോളോ ഒരു കറുത്ത് തടിച്ച പെണ്ണുമ്പിള്ളയാണു കൗണ്ടറിൽ….
ഭഗവാനേ … അവർ പറയുന്നത് മനസിലകണേ എന്ന പ്രാർത്ഥനമാത്രമാണ് മനസ്സിൽ …..
അങ്ങെത്തി hi പറഞ്ഞപ്പോളേക്കും .. തള്ള പറഞ്ഞു
passport please
ഭാഗ്യം മനസിലായി അപ്പോഴേ എടുത്തു വീശി passport
അപ്പോഴേക്കും വരുന്നു അടുത്ത question..
what is the color of your a**?
അയ്യേ ഇവർ എന്താ ഉദ്ദേശിക്കുന്നെ …
ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാൻ പറ്റുമോ ??
ഞാൻ പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല പിന്നാ
ഇതറിഞ്ഞിരുന്നേൽ നാട്ടിൽ വച്ചു ചെറിയ കണ്ണാടി വച്ച് നോക്കിയിട്ടു വരാമായിരുന്നു …
black ??
തള്ള വിടാൻ ഭാവമില്ല
ഈശ്വരാ … ഇതെങ്ങനെ ഇവരറിഞ്ഞു …
എന്റെ പാന്റ്സ് കീറിയിട്ടുണ്ടോ.?? എന്നാലും രാവിലെ underwear ഇട്ടതാണല്ലോ …
ഒന്ന് ഉറപ്പിക്കാൻ വേണ്ടി പതുക്കെ പുറകിൽ തപ്പി നോക്കി ഇല്ല.. കുഴപ്പമൊന്നും ഇല്ല
ഇനി ഇവിടെ വല്ല xray scanner വച്ചിട്ടുണ്ടോ ….
എന്റെ ചാരിത്ര്യം മുഴുവൻ ഇവർ കണ്ടോ ഭഗവാനേ..
എന്തോ പോയ അണ്ണാനെപോലെ ഞാൻ അങ്ങനെ നിന്നപോളാണ് പെട്ടെന്ന് പുറകിൽ നിന്ന ഇന്ത്യകാരൻ പറഞ്ഞത്
She is asking about your eye color
ഹോ .. ശ്വാസം നേരെ വീണു ..
ബ്ലാക്ക്‌ ബ്ലാക്ക്‌ അത് തന്നെ ….
നമ്മൾ എന്തേലും ആസ് എന്ന് കേട്ടാൽ ആവർ ഉദ്ദേശിക്കുന്നത് eyes ആണെന്ന് ഒരു ഉപദേശവും കിട്ടി, അവന്റെ കയ്യിൽ  നിന്നു
ചിരികൾക്കിടയിൽ ഒരു രസം കൊല്ലി പോലെ മൊബൈൽ ഫോണ്‍ ചിലച്ചു …..
എന്റെ പ്രവാസ ജീവിതം ആരംഭിക്കാനുള്ള സമയം അടുത്തിരിക്കുന്നു എന്നുള്ള സന്ദേശമായിരുന്നു അത്
****************
ഇനി കുറച്ചു മണിക്കൂറുകൾ കൂടി .. യാത്രക്കുള്ള ഒരുക്കൽ ഏതാണ്ട് പൂർത്തിയായി ….
യാത്ര പറച്ചിലാണ്‌ ബാക്കി….
അമ്മയോടും അച്ഛനോടും പറഞ്ഞു
പത്നിയോടെങ്ങനെ പറയും….
അവൾ ഇപ്പോളും എല്ലാം എടുത്തോ എന്നു ഉറപ്പു വരുത്താനുള്ള തിരക്കിലാണ് ….
മുറിയിലേക്ക് കയറിയപ്പോളേ ക്കും, ഓരോന്ന് എവിടെയൊക്കെയാ വച്ചിട്ടുള്ളത് എന്നുള്ള ഒരു ലിസ്റ്റ് എന്നോട് പറഞ്ഞു
“ഇതു നീ എത്രാമത്തെ തവണയ പറയുന്നെ ? ”
എന്റെ മുഖത്തേയ്ക്കു നോക്കുന്നില്ല വീണ്ടും വീണ്ടും ഓരോന്ന് ചെയ്തു കൊണ്ടിരിക്കുന്നു
അമ്പലത്തിലെ പ്രസാദം ബാഗിലോട്ടിട്ടു പറഞ്ഞു
“ഇതിവിടിരിക്കട്ടെ, എന്റെ ഒരു സമാദാനത്തിനു…”
വേറെയും എന്തൊക്കെയോ ബാഗിലോട്ടു ഇടുന്നുണ്ട് …
“ഒരു കുപ്പി വെള്ളം കൂടി എടുത്തു വയ്കട്ടെ , ഇടയ്ക്ക് ദാഹിച്ചാലോ …”
എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു ….
ഒന്ന് ചേർത്ത് പിടിച്ചതെ ഉള്ളു… ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേർന്ന് നിന്നു
ആ മുഖം പിടിച്ചു ഞാൻ പതുക്കെ ഉയർത്തി … പെയ്യാൻ വിതുമ്പി നില്ക്കുന്ന ആകാശം പോലെ
പെട്ടെന്ന് വേറെ എങ്ങോട്ടോ നോക്കി എന്തോ പറഞ്ഞു കൊണ്ട് നിന്നു അവൾ …
കരയുന്ന അവളുടെ മുഖം കണ്ടിട്ട് പോകാൻ എനിക്കിഷ്ടമല്ലെന്നു അവള്ക്കറിയാം ….
കാറിൽ കയറി ഇരുന്നു ഒന്നു കൂടി ഞാൻ അവളെ നോക്കി യാത്ര പറഞ്ഞു
കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു അവിടെ….
തിരക്കൊഴിഞ്ഞ റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ , ഏതോ ഒരു FM ചാനൽ എന്റെ മനസറിഞ്ഞിട്ടെന്നപോലെ ഇങ്ങനെ പാടുന്നുണ്ടായിരുന്നു
“ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു… എന്റെ
ചിറകിനാകാശവും തന്നു… ആത്മശിഖരത്തിലൊരു കൂടു തന്നു.. ”
റോഡിനിരുവശവും ഉള്ള റിഫ്ലെക്ടറുകൾ കാർത്തിക  ദീപങ്ങൾ കത്തിച്ചു വച്ചത് പോലെ എനിക്ക് തോന്നി.ശരിക്കും ഇന്ന് കാർത്തികയാണോ  ?? അതോ എന്റെ നനഞ്ഞ കണ്ണുകൾ  എന്നോട് കള്ളം പറയുന്നതോ ??