Monday, June 1, 2015

എന്റെ വിദ്യാലയം

അംഗനവാടിയിൽ പോയി തുടങ്ങിയപ്പോൾ തൊട്ടേ തുടങ്ങിയതാണ് പഠിക്കാൻ പോകാനുള്ള എന്റെ മടി .ആക്രി പെറുക്കാൻ വരുന്ന ഒട്ടത്തികൾക്ക് പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞും.....ജനാർദ്ദനൻ സാറിനോട് പറഞ്ഞുകൊടുത്തു അടി വാങ്ങിതരുമെന്നും പറഞ്ഞു പേടിപ്പിച്ചു അമ്മ ഒരുവിധത്തിൽ എന്നെ ഉന്തിത്തള്ളി അവിടെ കൊണ്ടാക്കും ....എന്നാലും അംഗനവടിയിലെ തുറന്ന ക്ലാസ്സിലിരുന്നു ഞാൻ പുറത്തേയ്ക്ക് നോക്കിയിരിക്കും ...കാരണം രാവിലെയോ വൈകുന്നേരമോ കൊച്ചച്ചൻ  ആടിനെ കുളിപ്പിക്കാൻ അതുവഴി പോകുമെന്ന് എനിക്കറിയാം . എന്റെ കണ്ണുവെട്ടിച്ചു പോകാൻ ശ്രമിച്ചാലും കൊച്ചച്ചനെ കാണുമ്പോൾ തൊട്ടു ഞാൻ കരയാൻ തുടങ്ങും..... എന്റെ കരച്ചിലിന്റെ ഒച്ച കൂടുമ്പോൾ ...ഒരു കയ്യിൽ  ആടിനെയും മറ്റേ കയ്യിൽ  എന്നെയും പിടിച്ചു കൊണ്ട് കൊച്ചച്ചൻ വീട്ടിലേക്കു വരും. മിക്കവാറും എന്റെ ബാഗിൽ അംഗനവാടിയിലെ ചേച്ചിയമ്മ അന്നത്തെ ചോളമോ , മഞ്ഞപ്പോടിയോ ഒക്കെ നിറച്ചു വച്ചിട്ടുണ്ടാകും.....വീട്ടില് വന്നു അതും കഴിച്ചു കൊണ്ട് ആടിനുള്ള പ്ലാവില പെറുക്കാൻ പോകും....ഞാൻ പെറുക്കികൊണ്ടുവരുന്ന പ്ലാവില ആട് തിന്നുന്നത് കണ്ടു കൊണ്ട് അങ്ങനെ നിൽക്കും... പച്ച പ്ലവിലയെക്കൾ പഴുത്ത ഇലകളോടാണ് ആടുകൾക്ക്  കൂടുതൽ ഇഷ്ടം...ഈർക്കിലിൽ കോർത്തെടുക്കുന്ന ഇലകൾക്കിടയിൽ ഇടയ്ക്ക്  പച്ച ഇലയും വച്ച് കൊടുക്കും... ആട് അത് കൂടി തിന്നുമ്പോൾ  ഒരു വിജയിയുടെ മുഖ ഭാവം ആയിരിക്കും എന്റെ മുഖത്ത് 
അടുത്ത വർഷം  ഒന്നാം ക്ലാസ്സിൽ ചേരേണ്ട ചെറുക്കനാ ... ഇങ്ങനെ മടി പിടിച്ചാൽ എന്താ ചെയ്യുക... വീടിന്റെ ആഭ്യന്തര പ്രശ്നം ഞാനായി പതുക്കെ മാറി.....ഉപദേശിച്ചിട്ട് നന്നാവുന്നില്ല എന്ന് കണ്ടു വീട്ടുകാർ  പറഞ്ഞു " ഇവനെ ജനാർദ്ദനൻ സാറിന്റെ ക്ലാസ്സിൽ ചേർക്കാം ... അപ്പൊ പിന്നെ ബാക്കിയെല്ലാം സർ നോക്കും"
അന്ന് എന്റെ കണ്ണിൽ  നിന്ന് പോയ കണ്ണീരിനു കണക്കില്ല .... എന്റെ നിരാഹാര കരച്ചിൽ  സമരത്തിന്റെ ലക്‌ഷ്യം ഒന്ന് മാത്രം " എനിക്ക് ആ ക്ലാസ്സിൽ ചെരണ്ടേ....എന്നെ വേറെ ക്ലാസ്സിൽ ചേർത്താൽ മതിയേ "

എന്തുകൊണ്ട് ജനാർദ്ദനൻ സാറിനോട് എനിക്കിത്ര പേടി എന്നെനിക്കറിയില്ല .... പക്ഷെ പറഞ്ഞു കേട്ടിടത്തോളം സർ ക്രൂരനാണ് ...കണ്ടിടത്തോളം ഇപ്പോഴും ഉച്ചത്തിൽ മാത്രം സംസാരിക്കുന്ന ...മുറുക്കി ചുവപ്പിച്ചു ചുവന്ന നാക്കുകളുള്ള  ഒരു വലിയ രൂപം .....

അങ്ങനെ ആ വർഷം  ജൂണ്‍ 1 ന് ... കുറച്ചു മടിയോടു കൂടിയാണേലും ഞാൻ സ്കൂളിന്റെ പടി ചവിട്ടി.1- B അതാണെന്റെ ക്ലാസ് .
എന്നെ സ്കൂളിൽ ചേർത്തതോടെ കഷ്ടകാലം പിടിപെട്ടത്ഞങ്ങളുടെ വീട്ടിലെ ഞവര ചെടിക്കാണ് . പണ്ട് സ്ലേറ്റ്കൈ കൊണ്ട് തൊടാത്ത ഞാൻ സ്ലേറ്റ്മായ്ക്കാൻ ഞവരയുടെ ഇലകൾ  ഓരോന്നായി പറിച്ചെടുത്തു ..... വീട്ടിലെയും അടുത്ത വീടുകളിലെയും ഞവര ചെടികൾ  തണ്ട് മാത്രമായപ്പോൾ പിന്നെ ആരോ പറഞ്ഞു തന്നതനുസരിച്ച് സ്ലേറ്റ്മായ്ക്കാൻ തൊടിയിലെ വാഴപ്ലാഞ്ചി എടുക്കാൻ തുടങ്ങി....ഞാവരയേക്കൾ  മികച്ചതാണെന്ന് കൂട്ടുകാരോട് വീമ്പു പറഞ്ഞു....തൊട്ടടുത്ത ബെഞ്ചിലെ കുട്ടികളോട് മത്സരിച്ച്  അവരെക്കാൾ ഉച്ചത്തിൽ ...തൊണ്ട പൊട്ടും പോലെ ഒന്നാനാം പൈങ്കിളി പെണ്ണിന്റെ പാട്ട് വിളിച്ചു കൂവി.....റ്റീചർ ഇല്ലാത്ത സമയങ്ങളിൽ വീടിന്റെ അടുക്കളയിൽ നിന്ന് അമ്മ കാണാതെ കീറിയെടുത്ത തീപ്പെട്ടി പടങ്ങൾ ചേർത്ത് വച്ച് എണ്ണി  നോക്കി... ഏറ്റവും കൂടുതൽ ആരുടെ കയ്യിലാണെന്നു മത്സരിച്ചു... കീറിയ തീപ്പെട്ടി പടങ്ങളെ കൂട്ടത്തിൽ  കൂട്ടാൻ പറ്റില്ലെന്ന് പറഞ്ഞ കൂട്ടുകാരനോട് വഴക്കിട്ടു... അടികൂടി...ക്ലാസ്സിനെ മറയ്ക്കുന്ന തടി മറയിൽ അപ്പുറത്തെ ക്ലാസ്സിലെ സർ വടികൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ എല്ലാരും നല്ല കുട്ടികളായി......ജാമ്പക്കയും ..ചുവന്ന നെല്ലിക്കയും ...കണ്ണി മാങ്ങയും പങ്കു വച്ച് തിന്നു ....കൂട്ടുകാരന്റെ സ്ലേറ്റു ചവിട്ടി പൊട്ടിച്ചവനെതിരെ പരാതി  പറയാൻ ഹെഡ് മാസ്റ്ററുടെ റൂമിൽ  അവനു കൂട്ട് പോയി...ചെമ്മണ്ണ്നിറഞ്ഞ കാലുകളോടെ ...മണ്ണ് തേയ്ച്ചു കളര് മാറിയ ഉടുപ്പും ഇട്ടു വീട്ടിൽ  വരുമ്പോൾ അച്ഛൻ ചോദിക്കുമായിരുന്നു " നീ എന്താടാ കിളയ്ക്കാൻ പോയിട്ട് വരികയാണോ "

ആദ്യമായി ട്രെയിനിൽ കയറിയ കൂട്ടുകാരന്റെ ട്രെയിൻ  കഥകൾ വായും പൊളിച്ചിരുന്നു കേട്ടു ..അവൻ പറഞ്ഞു തന്ന കഥയിൽ ഇടയ്ക്കിടയ്ക്ക് ട്രെയിൻ വലിയ ഗുഹകളുടെ അകത്തു കൂടിവേണം പോകാൻ....അവിടെ നമ്മളെ പിടിച്ചു തിന്നാൻ വലിയ ഭൂതങ്ങൾ വായും തുറന്നിരിപ്പുണ്ട് ...ട്രെയിൻ  ഓടിക്കുന്ന ആൾ സ്പീഡിൽ ഓടിക്കണം ...അവൻ കയറിയ ട്രെയിൻ കണ്ണടച്ച് തുറന്നപ്പോഴേക്കും ഗുഹ കടന്നു അപ്പുറം എത്തി....കണ്ടിട്ടില്ലേലും ട്രെയിനിൽ കയറില്ലെന്നു അന്ന് ഉറപ്പിച്ചതാണ് . പരീക്ഷക്ക്കൂടുതൽ മാർക്ക് വാങ്ങിയാൽ അമ്മ വാങ്ങി തരാമെന്ന് പറഞ്ഞ വാച്ച് സ്വന്തമാക്കാൻ അടുതിരുന്നവന്റെ സ്ലേറ്റിലേക്ക് ഒളികണ്ണിട്ടു നോക്കി.....ആരോ കൊണ്ട് വന്ന ഫിലിം തുണ്ടിലൂടെ സിനിമയെ ആദ്യമായി കണ്ടു .... സ്കൂളിലേക്ക് വരുന്ന വഴി ഒരു മൈനയെ കണ്ടാൽ ഇരട്ടയെ കാണാൻ വേണ്ടി കാത്തു നിന്ന് സ്കൂൾ അസംബ്ലിക്ക് വൈകിയെത്തി, അടി കൊള്ളാതിരിക്കാൻ പുറകിൽ കയ്യും വച്ച് ഓടി  ....ടിച്ചറിന്റെ അടി കിട്ടും എന്ന് ഉറപ്പുള്ള ദിവസങ്ങളിൽ അമ്പലത്തിന്റെ മുൻപിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു ,പത്തു വിരലും വായ്കുള്ളിൽ ഇട്ടു ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിച്ചത്.....അടി കിട്ടും എന്ന് ഉറപ്പുള്ള സമയത്ത്... " ദൈവത്തിന് ശക്തി ഉണ്ടേൽ എനിക്ക് അടി കിട്ടില്ല " എന്ന് പറഞ്ഞത്... അപ്പോൾ പിന്നെ ബാക്കി ദൈവം നോക്കിക്കൊള്ളും എന്നായിരുന്നു വിശ്വാസം …കാരണം ശക്തി ഉണ്ടെന്നു ദൈവത്തിനു കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ  
ഉച്ചക്ക് 1 മണി ആകുമ്പോഴേക്കും നമ്മൾ എല്ലാരും പാത്രവും കരണ്ടിയും എടുത്തു നിരന്നിരിക്കും... കഞ്ഞിയും പയറും ടീച്ചർ വിളമ്പി തരും...വീട്ടിൽ  ഉള്ള അച്ചാറുകൾ കൈ കൊണ്ട് തൊടില്ല എങ്കിലും, സ്കൂളിൽ ആരേലും കൊണ്ടുവരുന്ന 1 രൂപ അച്ചാർ അവരോടൊപ്പം പങ്കിട്ടു കഴിക്കും.. കഞ്ഞിയുടെയും പയറിന്റെയും സ്വാദ് വേറെ ഒന്നിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല .... നമ്മുടെ സ്കൂളിന്റെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ വരുന്ന ഹൈ സ്കൂളിലെ ചേട്ടന്മാരോട് ദേഷ്യമായിരുന്നു നമുക്ക്.... അവരുടെ അധികാരം പോലെ നമ്മളെയെല്ലാം തള്ളി മാറ്റി അവർ വെള്ളമെടുത്ത് പോകും...എനിക്കും പെട്ടെന്ന് വലുതാകണം എന്ന ആഗ്രഹം തോന്നി തുടങ്ങിയത് അന്ന് മുതലാണെന്ന് തോന്നുന്നു. മീശ വളരുന്നുണ്ടോന്നു കണ്ണാടിയിൽ പല തവണ നോക്കിക്കൊണ്ടിരുന്നു....അച്ഛന്റെ കൈലിമുണ്ട് എടുത്തു ഉടുത്ത് ഞാനും വലുതായെന്നു വീട്ടുകാരോട് പറഞ്ഞു.....സ്കൂൾ വിട്ടു തിരിച്ചു വരുന്ന വഴിക്കുള്ള കൈത്തോട്ടിൽ നിന്ന് മാനത്ത് കണ്ണിയെ പിടിച്ചു കഞ്ഞി പാത്രത്തിൽ ഇട്ടു കൊണ്ട് വരും... വീട്ടിലെ കിണറ്റിൽ  ഇട്ടു വളർത്താൻ ...ആരേലും കണ്ടാൽ സമ്മതിക്കില്ല അതുകൊണ്ട് ആരും കാണാതെ ഒളിച്ചും പതുങ്ങിയും കിണട്ടിലോട്ടു  മാനത്ത് കണ്ണിയെ ഇട്ടിട്ടു ഒറ്റ ഓട്ടം  വച്ച് കൊടുക്കും ഒരു ദിവസം രാവിലെ അമ്മ പറയുന്നത്കേട്ടു  ,, രാത്രി ഞാൻ പാമ്പ് പാമ്പ് എന്ന് വിളിച്ചു പറഞ്ഞുന്ന് ...അത് കൊണ്ട് അമ്പലത്തിൽ മഞ്ഞപൊടി വാങ്ങി കൊടുക്കണം എന്ന്.നമ്മുടെ കൂട്ടത്തിലെ ചിലര്ക്കൊക്കെ സൈക്കിൾ ഉണ്ടായിരുന്നു അന്ന്.. എന്റെ മനസിലും ആഗ്രഹം നുരഞ്ഞു പൊന്തി... അവസാനം ഞാൻ ഉറക്കത്തിൽ കിടന്നു സൈക്കിൾ സൈക്കിൾ എന്ന് പറയാൻ തീരുമാനിച്ചു.അന്ന് രാത്രി ഉറങ്ങിയത് പോലെ കിടന്നു വിളിച്ചു പറഞ്ഞു നോക്കി....അച്ഛനും അമ്മയും അത് കേട്ട് എന്നതും ഉറപ്പാണ്‌..പക്ഷെ സൈക്കിൾ മാത്രം കിട്ടിയില്ല....
ആയിടയ്ക്കാണ് സ്കൂളിലേക്ക് വരുന്ന വഴി എന്നും പാർവതി  ചേച്ചിയെ കാണുന്നത്...ചേച്ചിയായിരുന്നു പിന്നെ എന്നും എന്റെ ബാഗ്പിടിച്ചു കൊണ്ട് നടക്കുന്നത്...വഴിയിലെ ചെടികളുടെ മണ്ടയിൽ ഓരോ അടികൊടുതും...മാവിന് കല്ലെറിഞ്ഞും...കാലുകൊണ്ട്എന്തേലും ഒക്കെ തട്ടികളിച്ചും ഞാൻ ഇങ്ങനെ നടക്കും...ചേച്ചി ഹൈ സ്കൂളിലായിരുന്നു ...എന്നാലും എന്നും എന്നെ ക്ലാസ്സിൽ കൊണ്ടാക്കും...ചിലപ്പോ പോകുന്ന വഴിക്ക് സിപപ് വാങ്ങി തരും......ഹൈ സ്കൂളിലായാൽ  ഒരുപാടു പഠിക്കാനുണ്ടെന്നു പറഞ്ഞു പേടിയാക്കുകയും ചെയ്യും . അന്നൊരു ദിവസം ചേച്ചിയെ വഴിയിൽ  കണ്ടതെ ഇല്ല ....കുറെ നേരം ഞാൻ കാത്തു നിന്ന്  ...അസംബ്ലിയിൽ പ്രതി ജ്ഞയും പറഞ്ഞു കഴിഞ്ഞപ്പോഴാ സ്കൂളിൽ എത്തിയത്.... സർ  കാണാതെ ജനൽ  ചാടി ക്ലാസ്സിൽ ചെന്നിരുന്നു വൈകുന്നേരം വീട്ടിൽ  ചെന്ന് അമ്മയോട് ചേച്ചിയെ ക്കുറിച്ച് പരാതി പറഞ്ഞപ്പോഴാ അമ്മ പറഞ്ഞെ ചേച്ചി ഇനി ഒരിക്കലും വരില്ല എന്ന്.....കാരണം എനിക്ക് കേൾക്കണ്ടായിരുന്നു ...അന്ന് എന്റെ കരച്ചിൽ  നിരത്താൻ ഒട്ടത്തിയുടെ സഞ്ചിയുടെ വലിപ്പ ത്തിനോ , ജനാർദ്ദനൻ സാറിന്റെ ക്രൂരതയുടെ ഓർമപ്പെടുത്തലിനോ കഴിയുമായിരുന്നില്ല....എപ്പോൾ ഉറങ്ങി എന്നെനിക്കറിയില്ല....പിറ്റേന്ന് അമ്മ പറഞ്ഞത് ശരി ആണെങ്കിൽ ചേച്ചി ആകാശത്തെ നക്ഷത്രമായി എന്നെ നോക്കി കണ്ണുചിമ്മും ....അത് ശരിയായിരിക്കും അമലിന്റെ അപ്പൂപ്പൻ നക്ഷത്രമായിഅവനെ നോക്കി കണ്ണു ചിമ്മാറുണ്ടെന്നു അവൻ പറഞ്ഞത് ഞാൻ ഓർത്തു ...പിന്നീടുള്ള എല്ലാ രാത്രികളിലും ഓടിട്ട വീട്ടിൽ വെളിച്ചം വരാൻ ഓടിനു പകരം വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ഞാൻ ആകാശത്തേക്ക് നോക്കി കിടന്നിട്ടുണ്ട്....ഒരു നക്ഷത്രവും എന്നെ നോക്കി കണ്ണുചിമ്മിയിട്ടില്ല .....അതെന്താ നക്ഷത്രങ്ങൾ എന്നെ നോക്കി മാത്രം കണ്ണുച്ചിമ്മാത്തെ ??ഇനി ചേച്ചിക്ക് എന്നെ ഇഷ്ടമില്ലത്തോണ്ടാണോ ??..ഭൗതിക ശാസ്ത്രത്തിലെ പല തിയറികൾ പിന്നീട് പടിച്ചെങ്കിലും ഇതിന്റെ പുറകിലുള്ള ശാസ്ത്രം മാത്രം എനിക്കിതുവരെ മനസിലായിട്ടില്ല......
ഹയർ സെക്കന്ററി കഴിഞ്ഞു വെക്കേഷനിൽ അച്ഛനെ സഹായിക്കാൻ പത്ര വിതരണത്തിന് പോയ ഒരു ദിവസം...ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ  സ്കൂളിലേയ്ക്ക് പോകാതെ കരഞ്ഞു കൊണ്ട് നിൽക്കുന്ന മകനെ പേടിപ്പിക്കുന്നത്കേട്ടു...."സ്കൂൾ വണ്ടി വരാറായി....ഇനിയും  കരഞ്ഞു കൊണ്ട് നിന്നാൽ നാളെ മുതൽ നിന്നെ കഞ്ഞിപള്ളികൂടത്തിൽ വിടും "കാലം മാറുകയായിരുന്നു... നാട്ടിൻ പുറത്തെ സ്കൂളിന്റെ നന്മയുടെ കടയ്ക്കൽ പൊങ്ങച്ചത്തിന്റെ കോടാലി വീഴാൻ തുടങ്ങിയിരിക്കുന്നു

പക്ഷെ ഇന്നും വേറൊരു രാജ്യത്ത് .. തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ ജീവിക്കുമ്പോഴും ...നാട്ടു മാവിന്റെ രുചിപോലെ...വേനൽ  മഴയുടെ ആശ്വാസം പോലെ... ഉത്സവ പറമ്പിലെ മേളപ്പെരുക്കം പോലെ    ...എന്റെ കഞ്ഞി പള്ളികൂടത്തെ കുറിച്ചുള്ള ഓർമകളും  എനിക്കൊരു ലഹരിയാണ്....എന്നെ ഞാനാക്കുന്ന ... എന്റെ സ്വകാര്യ അഹങ്കാരമാണ്…

തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നും
തുംഗമാം വാനിൻ  ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞീടിന വാനം
ഇന്നിതാ  ചിരിക്കുന്നു ...പാലൊളി ചിതറുന്നു
മുൾച്ചെടി തലപ്പിലും പുഞ്ചിരി വിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ  പനിനീരുരയ്ക്കുന്നു
മധുവിൻ മത്താൽപ്പാറി മൂളുന്നു മധുപങ്ങൾ
മധുരമിജ്ജീവിതം ചെറുതാണെന്നാകിലും
ആരല്ലെൻ ഗുരുനാഥർ   ആരല്ലെൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നതെന്തോ  ”