Sunday, May 17, 2015

എന്റെ കാഴ്ചകൾ

എയർപോർടിന്റെ  ഗ്ലാസ്സ്  വിൻഡോയിലൂടെ  പുറത്തേക്കു നോക്കുമ്പോൾ വെള്ള പുതച്ചു കിടക്കുന്ന ഭൂമിയിലേക്ക് മഞ്ഞു പെയ്തിറങ്ങുന്നത് കാണാമായിരുന്നു . ലഗേജ്  ഇതുവരെ വന്നിട്ടില്ല.സിനിമയിലും പടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആ കാഴ്ച തൊട്ടു മുന്നിൽ  ഞാൻ കണ്ടു കൊണ്ടങ്ങനെ നിന്നു . Sweden  - നോബേൽ  സമ്മാനത്തിന്റെ നാട്.സ്വപ്നത്തിൽ  പോലും വിചാരിച്ചതല്ല എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു twist  ദൈവം കാത്തു വച്ചിട്ടുണ്ടെന്ന്.

തണുപ്പ്  എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ ഒരു തണുപ്പ്.നാട്ടിൽ ചെന്ന് ആരേലും വൃശ്ചിക മാസത്തെ തണുപ്പിനെ കുറിച്ച് പറയുമ്പോൾ ചുമ്മാ പറയാല്ലോ " ഇതൊക്കെ എന്ത് തണുപ്പ്, തണുപ്പൊക്കെ അങ്ങ് Swedenil ." :) ഡൽഹിയിൽ പോയപ്പോൾ മാത്രമാണ് ഞാൻ ആകെ തണുപ്പ് എന്താണെന്നു ശരിക്ക് അറിഞ്ഞിട്ടുള്ളത്.അതിന്റെ ഒരു എക്സ്പീരിയൻസിൽ നമ്മുടെ സ്വന്തം തിരോന്തരത്ത്‌ നിന്ന് ഒരു sweaterum വാങ്ങി കൊണ്ട് വണ്ടി കയറിയതാ . ഇത് ഒരുമാതിരി കോത്താഴത്തെ ഏർപ്പാട് ആയിപോയി.സിനിമയിൽ ഒക്കെ കാണാൻ നല്ല രസമാണേലും , തണുപ്പും , മഞ്ഞു മഴയും ഒക്കെ   നേരിട്ടനുഭവിക്കുമ്പോൾ  dark  scene  ആണ് Bro .പുറത്തേക്കു ഇറങ്ങിയപ്പോൾ അത് ശരിക്കങ്ങു മനസിലായി.....കാലും കൈയും ഒക്കെ മരവിച്ചു പോയി എന്ന് തോന്നിപോയി. എങ്ങനെയൊക്കെയോ കാറിൽ കയറിപറ്റി. അങ്ങനെ നമ്മുടെ roomies  ന്റെ ഭാഷയിൽ  പറഞ്ഞാൽ
ഒറ്റ മുണ്ടും ഉടുത്തു കൊണ്ട് മഞ്ഞുകാലത്ത് ഇവിടെ എത്തിയ ആദ്യത്തെ ആളായി ഞാൻ.
Roomies  - ഒന്നാമത്തെയാൾ നമ്മുടെ നേതാവും അന്നദാതാവും . നമ്മുടെ കൂട്ടത്തിൽ  cooking  എന്താണെന്നു അറിയാവുന്ന ഒരേ ഒരാൾ എന്നതുകൊണ്ട്‌ എല്ലാ ആഴ്ചയും പറയും
"ഒരു പ്രത്യേക രീതിയാണ്‌ ഞാൻ ഈ കറി  ഉണ്ടാക്കാൻ അവലംബിക്കുന്നത്"
taste  നോക്കി കഴിഞ്ഞു അഭിപ്രായം ചോദിക്കുമ്പോൾ, എല്ലാം ഒരു പോലെ ഇരിക്കുമെങ്കിലും നമ്മൾ പറയും

" ബാക്കി എല്ലാം പാകത്തിന്, കുറച്ചു സ്വാദ് കൂടി ആകാമായിരുന്നു "

രണ്ടാമത്തെയാൾ  ഒരു മാന്യനാണ്, പോരാത്തതിനു സന്യാസിയും.എല്ലാ ആഴ്ചയും ഈതെലും ഭജന കൂടിയില്ലേൽ പുള്ളിക്ക് വിഷമം ആണ്.സംസാരിച്ചു തുടങ്ങിയപ്പോൾ ഇദ്ദേഹം  ആദ്യമായി  പറഞ്ഞ വാക്ക് Sweden  എന്നാണെന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്.അതുകൊണ്ടുതന്നെ ടിയാൻ  സ്വീഡൻകാരൻ  എന്നാണ് വൈക്കം  പ്രദേശത്ത് അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു .പെണ്‍കുട്ടികളുടെ മുഖത്ത് പോലും നോക്കാതെ എപ്പോളും ഈശ്വര ചിന്തയിൽ  ജീവിക്കുന്ന ഈ മനുഷ്യൻ ഇവിടെ  എത്തിച്ചേർന്നത് നമ്മുടെ അല്ല ഈ നാട്ടുകാരുടെ ഭാഗ്യം.ഒരു ദിവസം ഓഫീസിലേക്കുള്ള പോകുകയായിരുന്നു നമ്മൾ  , നമ്മുടെ മുൻപിലായി  കുറച്ചു പെണ്‍ കുട്ടികളും ഉണ്ട് , അപ്പോഴാണ് സന്യാസിക്കൊരു  ഡൌട്ട്

" അതെ ... ഞാൻ കുറെ നാളായി ശ്രദ്ധിക്കുന്നു ഇവിടത്തെ പെണ്ണുങ്ങളെല്ലാം ബാക്കിൽ ZIP  വച്ചിട്ടുണ്ട് , അതെന്തിനായിരിക്കും അത് "
അന്ന് നമുക്ക് മനസിലായി സന്യാസി പെണ്‍കുട്ടികളുടെ മുഖത്ത് നോക്കാത്തതിന്റെ  രഹസ്യം .
ആകെ 2 കണ്ണുകളല്ലേ  ഉള്ളു , ഇതെല്ലാം  കൂടി മാനേജ് ചെയ്യണ്ടേ , സമയം കിട്ടുന്നില്ലായിരിക്കും പാവത്തിന് .
ഈ മരം കോച്ചുന്ന തണുപ്പത്ത് , രണ്ടു മൂന്നു ഡ്രസ്സ്‌ ഒക്കെ ഇട്ടു അതിനു മുകളിൽ  ജാക്കെറ്റും  ഇട്ട്  അടിമുടി പുതച്ചു മൂടി ഒരു ബഹിരാകാശ സഞ്ചാരിയെ പോലെ വേണം എന്നും ഓഫീസിൽ പോകാൻ..  അങ്ങനെ ഒരുദിവസം രാവിലെ തണുത്തു വിറങ്ങലിച്ചു ട്രെയിനിൽ കയറി ഇരുന്നപ്പോളുണ്ട്‌ എവിടെ നിന്നോ പല്ലി  ചിലക്കുന്ന ഒരു ശബ്ദം.ഹേ  എന്ത്.... ഈ തണുപ്പത്തും പല്ലിയോ ??....അങ്ങനെയാണേൽ അവനെ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് വിചാരിച്ചു ചുറ്റും നോക്കി.ആ ശബ്ദം എന്റെ തൊട്ട് മുന്നിലെ സീറ്റിൽ നിന്നാണെന്ന്  കുറച്ചു കഴിഞ്ഞാണ് മനസിലായെ , അവിടെ ഒരുത്തനും ഒരുത്തിയും കൂടി ഉമ്മ വച്ച് കളിക്കുവാ .....! ബാക്കിയുള്ളവൻ  തണുത്തു  വിറങ്ങലിച്ചു ഇരിക്കുമ്പോൾ അവിടെ തകർത്തു  ഉമ്മ ....അതും DTS സൗണ്ടിൽ .....ഭഗവാനേ കണ്ട്രോളു തരണേ എന്ന് വിചാരിച്ചു വേറെ എന്തേലും ചിന്തിക്കാൻ തീരുമാനിച്ചു.....അല്ലേലും ആവശ്യ സമയത്ത് ഒന്നും മനസിലേക്ക് വരില്ലല്ലോ .......ഒരു പാട് നേരം ആയല്ലോ... ആ തെണ്ടി ഇതുവരെ ഉമ്മ വച്ച് തീർന്നില്ല ... ഇതിനു മാത്രം ഇതെന്താണാവോ ........ധൈര്യമുണ്ടേൽ നീ കേരളത്തിൽ  വന്നു ഇങ്ങനെ കാണിക്കടാ....അപ്പോൾ കാണാം സദാചാര പോലീസ്  നെഞ്ചത്ത് കേറി ഇരുന്നു പൊങ്കാല ഇടുന്നെ......ഹല്ല  പിന്നെ ദേഷ്യം വരില്ലേ .....കാവിലമ്മേ ശക്തി തരൂ ......

കുറച്ചു നാൾ  കഴിഞ്ഞപ്പോഴാ മനസിലായെ ഇവിടെ എപ്പോ ഉമ്മ വയ്ക്കണം എന്ന് തോന്നിയാലും അപ്പൊ അങ്ങ് ഉമ്മ വയ്ക്കും അവിടെ പിന്നെ കുഞ്ഞമ്മ നിക്കുന്നെന്നോ, മാമൻ നിക്കുന്നെന്നോ എന്നൊന്നും ഇവരു  നോക്കില്ല ...വികസിത രാജ്യം ആണെന്ന് പറഞ്ഞാലും ,നമ്മുടെ നാട്ടിലെ പോലെ പിച്ചക്കാർ ഇവിടെയും ഉണ്ട് എല്ലാ സ്ഥലത്തും...പക്ഷെ ഉമ്മ വയ്ക്കണം എന്ന് തോന്നിയാൽ അവരും പബ്ലിക്‌ ആയി അതങ്ങ് ചെയ്യും, അതിനു വേറെ മാറ്റം ഒന്നുമില്ല......
ഒരു വിധത്തിൽ  മനസിനെ കണ്ട്രോളു  ചെയ്തു ഓഫീസിലെത്തിയാലോ,,,, ഏതോ ഒരു അന്യ ഗ്രഹത്തിൽ എത്തിയ പോലെയാണ്..ഇന്ത്യകാരായി വളരെ കുറച്ചു പേർ  മാത്രം ....ബാക്കിയുള്ള സായിപ്പന്മാരും , മദാമ്മമാരും ഒക്കെ പരസ്പരം സംസാരിക്കുന്നതു Swedishil . അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു ,, നമ്മുടെ മുത്തിക്ക്  വിളിക്കുന്നതാണോ എന്നറിയില്ലേലും എന്തു  കേട്ടാലും ഒരു വളിച്ച ചിരിയും ഫിറ്റ്‌ ചെയ്തു നമ്മൾ അങ്ങ് നില്ക്കും . പിന്നെ ഇവിടത്തുകാരുടെ ഒരു പ്രത്യേകത ആഹാരം കഴിച്ചാൽ വായും കഴുകില്ല , കക്കൂസിൽ പോയാൽ  ********** കഴുകില്ല എന്നുള്ളതാണ്.... ഇപ്പൊ നിങ്ങൾക്കൊരു  സംശയം തോന്നാം ഈ പറഞ്ഞ രണ്ടാമത്തെ കാര്യം ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.....സംഗതി സിമ്പിൾ ...ഒരു ദിവസം എന്റെ ഭാഗ്യക്കെടിനു അത്രടം വരെ  പോകേണ്ടി വന്നു.... അവസാനം ഒന്നിന് പോയവൻ  രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.......അവസാനം കൈകുമ്പിൾ   ചോരാതെ കുറെ തവണ വെള്ളം എടുക്കേണ്ടി വന്നു ...അന്ന് മനസിലായി  "വെള്ളം അമൂല്യമാണ്  അത് പാഴാക്കരുത് ....."
പതിയെ പതിയെ ഓഫീസിൽ  ഉള്ള എല്ലാവരോടും ഒരു സുഹൃദ് ബന്ധം സ്ഥാപിക്കാൻ പറ്റി . ആ ഇടയ്ക്കാണ് മറ്റൊരു ടീമിലെ ഒരു മദാമ്മയ്ക്ക് നമ്മുടെ ഹെൽപ്  വേണം എന്ന് പറഞ്ഞു വന്നത് . ചുമ്മാ അവിടവിടെ തുള്ളിച്ചാടി നടക്കുകയും ,, ചെറിയ എന്തേലും കാര്യത്തിനും ആ ഏര്യ മുഴുവൻ അറിയിചോണ്ട് ചിരിക്കുകയും ചെയ്യുന്ന കിളി പോയ ഒരു ഐറ്റം .ഏതാണ്ട് ഒരു 25-30 വയസ്  കാണുമായിരിക്കണം. ഞാൻ ഹെല്പ് ചെയ്യും എന്ന് മാനേജർ പറഞ്ഞതും ആ പെണ്ണുമ്പിള്ള എന്റെ സീറ്റിന്റെ ഒരു അറ്റത്ത്‌  ഇരിപ്പുറപ്പിച്ചു.

"ഇത് വല്ലതും ഒക്കെ നടക്കും ,   ഹേയ് .. ഫസ്റ്റ് ഡേ അങ്ങനെ ഒന്നും നടക്കില്ലന്നെ "....ഇങ്ങനെ ഒക്കെ ആലോചിച്ചു ആ മദാമ്മ കൊച്ചിനെ ഹെൽപ്  ചെയ്യാൻ തുടങ്ങി ..... ഏതാണ്ട് ഒരു അര മണിക്കൂർ  കഴിഞ്ഞു കാണും ....പെട്ടെന്ന് ഒരു കരച്ചിലിന്റെ ശബ്ദം കേട്ടു .. ദേ  നമ്മുടെ മദാമ്മ കൊച്ചിരുന്നു കരയുന്നു..... swedishil എന്തോ വിളിച്ചു പറയുന്നും ഉണ്ട് .....കരച്ചിൽ ശബ്ദം കൂടി കൂടി വന്നു....ഇടയ്ക്കു എന്തൊക്കെയോ പറയുന്നു. എനിക്കതൊട്ടു  മനസിലാകുന്നും ഇല്ല,,,ചുറ്റും ഉള്ളവര എല്ലാം ഇങ്ങോട്ടാണല്ലോ  നോക്കുന്നത്.....ഭഗവാനേ .... ഞാൻ ഒന്നും ചെയ്തിട്ടില്ലന്നു ഇവന്മാരോട് എങ്ങനെയാ പറഞ്ഞു മനസിലാക്കുക.....സായിപ്പന്മാരുടെ അടികൊണ്ടു ഹോസ്പിറ്റലിൽ കിടക്കുന്നതായി ഞാൻ ഒരു നിമിഷം കണ്ടു.....കൈ രണ്ടും അങ്ങ് പൊക്കിയാലോ....അടി കൊള്ളാതെ  എങ്കിലും രക്ഷപ്പെടാം എന്നു  വിചാരിച്ചു കൈപൊക്കാൻ  തുടങ്ങിയപ്പോൾ ദേ  ആ മദാമ്മ കൊച്ചു കരഞ്ഞുകൊണ്ട്‌ എഴുന്നെറ്റൊരു  ഓട്ടം . പണി പാളി.............
ഇനി എന്തായാലും നേരാം  വണ്ണം നാട്ടിൽ എത്താൻ  പറ്റില്ല എന്ന് വിചാരിച്ചു ഞാൻ അങ്ങനെ ഇരുന്നു.എന്തായാലും കാര്യം എന്താണ് ആ പെണ്ണ് പറയുന്നതെന്ന് ആരോടേലും ചോദിച്ചു നോക്കാം എന്ന് കരുതി അടുത്തിരുന്ന David എന്നൊരു സായിപ്പിനോട്‌   ഞാൻ ചോദിച്ചു "അല്ല ഇതിപ്പോ എന്താ പറ്റിയെ ... പൂരവും പെരുന്നാളും ഒരുമിച്ചു വന്നപോലെ ഉണ്ടല്ലോ..വെടിക്കെട്ട്‌ മാത്രം എന്റെ നെഞ്ചത്തും......"
അപ്പോഴാണ് അറിയുന്നെ ആ മദാമ്മ വർക്ക്‌ ചെയ്തോണ്ടിരുന്ന ഏതോ ഒരു application  ക്രാഷ് ആയി ...അവരുടെ അര മണിക്കൂറത്തെ വർക്ക്‌ വേസ്റ്റ് ആയി....അതിനാണ് ഈ ബഹളം എല്ലാം കാണിച്ചേ...ശേയ് ...മദാമ്മമാരുടെ വിലകളയാനായിട്ടു.......അയ്യം തന്നേ ........ഇവിടത്തെ ആൾക്കാർ ബോൾഡ്  ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇതൊരുമാതിരി .......അയ്യേ .......
അപ്പോഴാണ് എന്റെ നല്ല ജീവൻ  എനിക്ക് തിരിച്ചു കിട്ടിയെ ....David നോട് ഞാൻ ഒരു നന്ദി പറഞ്ഞു....അവൻ മറുപടി ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി..... അല്ലേലും അവൻ അങ്ങനെ തന്നെയാണ് . ജനിച്ചപ്പോൾ മുതൽ ഓട്ടിസത്തിന്റെ ഒരു വകഭേദമായ asperger's syndrome എന്ന അസുഖത്തിന്റെ പിടിയലാണ് ..നമ്മളെപോലെ സംസാരിക്കാൻ പറ്റില്ല , നടക്കാൻ പറ്റില്ല , ചിന്തിക്കാൻ പറ്റില്ല .......അവൻ എന്ത് ചെയ്യുമ്പോളും  ആ വ്യത്യാസം നമുക്ക് പ്രകടമാണ് ....പക്ഷേ  ഇതൊക്കെ ആണേലും അവനെപോലെ സഹായ മനസ്ഥിതി ഉള്ള വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല .....സ്വന്തം പരിമിതികളെ കുറിച്ച് പൂർണ  ബോധ്യമുള്ള ഒരു മനുഷ്യൻ....ഒറ്റയ്ക്ക്  ഒരു വീട്ടിൽ  ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി പണിയെടുത്തു കാശുണ്ടാക്കി ജീവിക്കുന്നു.....ഒരു വലിയ മാതൃകയാണ് അവൻ നമുക്കും ഇനി വരുന്ന തലമുറക്കും .

ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാൻ പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്ത് അവൻ ബാഗൊക്കെ പാക്ക്  ചെയ്തു വരുന്നുണ്ടായിരുന്നു....ഇവിടെ മിക്കവാറും എല്ലാ ഓഫീസിലും എംപ്ലോയീസിനു വേണ്ടി fruits  വയ്ക്കുന്ന പതിവുണ്ട് ...അതിൽ നിന്ന് എടുത്ത ഒരു ആപ്പിൾ അവന്റെ കയ്യിൽ  ഉണ്ടായിരുന്നു... ഇന്ന് ഹാഫ് ഡേ ലീവ് ആണത്രേ ..അത് കൊണ്ടുതന്നെ ആഹാരം ഒന്നും ഉണ്ടാക്കിയിട്ടില്ല.. ഇന്നത്തെ ലഞ്ച് ആ ആപ്പിൾ ആണ്.അങ്ങനെ സംസാരിച്ചു കൊണ്ട് നമ്മൾ പുറത്തിറങ്ങി ...പുറത്തു നല്ല തണുപ്പായിരുന്നു ....വരുന്ന വഴിയിലായി ഒരു പ്രായമായ സ്ത്രീ ഇരുന്നു പിച്ചയെടുക്കുന്നുണ്ടായിരുന്നു... ഒരു കോഫി കപ്പ്‌ ആണ് അവരുടെ പിച്ചപാത്രം , അതിൽ ഒന്നോ രണ്ടോ നാണയത്തുട്ടുകൾ ഉണ്ട്.... ആ കൊടും തണുപ്പിലും അവർ അതുവഴിപോകുന്ന എല്ലാവരുടെയും മുൻപിൽ കൈ നീട്ടുന്നുണ്ടായിരുന്നു...വിളറി വെളുത്ത മുഖത്ത് രക്തം അവശേഷിക്കുന്നില്ലെന്നു തോന്നിപോയി....വരുന്ന വഴിയിൽ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് തന്റെ കയ്യിലിരുന്ന ആപ്പിൾ ആ സ്ത്രീക്ക് കൊടുത്തു ഒന്നും മിണ്ടാതെ ഡേവിഡ്‌ നടന്നുപോയി.മുൻപാരോ  എറിഞ്ഞുകൊടുത്ത നാണയതുട്ടുകളെക്കൾ വിലയുണ്ട്‌ അവർക്കതിനെന്നു  ആ മുഖം വിളിച്ചു പറഞ്ഞു...
ദൈവം എന്നത് ഒരു സങ്കല്പമായിരിക്കാം .. പക്ഷെ  അത് മനുഷ്യർക്കിടയിൽ ആണ് ഉള്ളത് എന്ന് എനിക്കനുഭവപ്പെട്ടു.......ദൈവത്തിനു വേണ്ടി കൊല്ലാനും ചകാനും നടക്കുന്നവരും , മണി മേടകൾ കേട്ടിപ്പോക്കുന്നവരും, ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് സ്വയം അവരോധിക്കുന്നവരും മറ്റുള്ളവരുടെ നന്മയെക്കാൾ സ്വന്തം സ്വാർത്ഥ  തല്പര്യങ്ങളല്ലേ സംരക്ഷിക്കുകയും വളർത്തികൊണ്ടു  വരികയും ചെയ്യുന്നത്....

ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നപ്പോഴേക്കും ,, ഡേവിഡ്‌ വളരെ ദൂരെ എത്തിയിരുന്നു ,, നടക്കുമ്പോൾ ബാലൻസ്  തെറ്റാതിരിക്കാൻ അവൻ ശ്രമിക്കുന്നത് ദൂരെ നിന്ന് എനിക്ക് കാണാമായിരുന്നു.....കണ്ണെടുക്കാതെ അവനെയും നോക്കി കൊണ്ട് ആ പാവം സ്ത്രീ ഇരിക്കുന്നു.......

ഭക്തിയുടെ പേരിൽ കാശു പിരിച്ചു ബിസിനസ്‌ നടത്തി കൊള്ളലാഭം നേടി അതിലൊരു ഭാഗം സമൂഹത്തിനു കൊടുക്കുന്നതല്ല charity .... അത് സ്വന്തം അദ്ധ്വാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവനു  കൊടുക്കുമ്പോൾ ആണെന്ന് ആരോ പറഞ്ഞത് ഞാൻ ഇവിടെ കൂട്ടി വായിക്കുന്നു .